Kerala
കോട്ടയം: കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. വാഗമണ്ണിൽ നിന്നും വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് വാഗമൺ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
അടിമാലി: അടിമാലി പഞ്ചായത്ത് പരിധിയിലെ ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസ് നിലച്ചു. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും കാത്തിരിപ്പുകള്ക്കുമൊടുവിലായിരുന്നു ഒരു മാസം മുമ്പ് അടിമാലിയില്‍നിന്നു കല്ലാര്‍ - മാങ്കുളം വഴി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസാരംഭിച്ചത്.
സര്വീസാരംഭിച്ചതു മുതല്‍ വനംവകുപ്പിന്റെ തടസവാദമുള്പ്പെടെയുള്ള പ്രതിസന്ധിക്ക് നടുവിലൂടെയായിരുന്നു കുറത്തിക്കുടിയിലേക്ക് ആനവണ്ടി ഓടിയെത്തിയത്.
ഉച്ചയ്ക്കു ശേഷം രണ്ടിന് അടിമാലിയില്‍നിന്നു പുറപ്പെട്ട് ഉന്നതിയിലെത്തി തിരികെ പോരുംവിധം ക്രമീകരിച്ചിരുന്ന ബസ് സര്‍വീസാണ് കെഎസ്ആര്‍ടിസി അവസാനിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഉന്നതിയിലേക്കെത്തിയിട്ടില്ല. ബസ് സര്‍വീസാരംഭിച്ച ഘട്ടത്തില്‍ വനംവകുപ്പുയര്ത്തിയ പ്രതിസന്ധി ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിലൂടെ മറികടന്നായിരുന്നു തുടര്‍ന്നുപോന്നിരുന്നത്.
Kerala
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്.
ആയൂർ വഞ്ചിപ്പേട്ടയിൽ ആണ് അപകടമുണ്ടായത്. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Kerala
താമരശേരി: കഴിഞ്ഞ വ്യാഴാഴ്ച താമരശേരി ചുരം ചിപ്പിലിതോട്വച്ച് ബസിൽനിന്ന് ഇറങ്ങവെ കാലിൽ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി ഗുരുതര പരിക്കേറ്റ വയോധികയുടെ കാൽ മുറിച്ചുമാറ്റി.
വയനാട്ടിൽനിന്നും നിലമ്പൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് വയോധികയുടെ കാലിൽ കയറിയത് .
റിസോർട്ടിലെ ജോലി കഴിഞ്ഞ് വരുന്നതിനിടെ ചിപ്പിലിതോട് ബസ് ഇറങ്ങി നടക്കാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് കാലിലൂടെ കയറുകയായിരുന്നു. ചിപ്പിലിതോട് സ്വദേശിനി ചക്കോടിപുറയിൽ ജാനു (65)വിന്റെ കാലാണ് മുറിച്ചുമാറ്റിയത്.
അപകടം നടന്ന ഉടനെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് മരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30ന് താമരശേരിയിലുണ്ടായ അപകടത്തിൽ അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്.
ഡോക്ടറെ കണ്ടശേഷം ഭർത്താവ് അബ്ദുൾ കരീമിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും അതേ ദിശയിൽ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ തന്നെ മുബഷിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.
അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
Kerala
കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഏരൂർ ചില്ലിംഗ് പ്ലാന്റ് സ്വദേശി അതുൽ രാജ് (19) ആണ് മരിച്ചത്.
കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ്. അപകടം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: പൊൻകുന്നത്ത് സ്വകാര്യബസ് സ്റ്റാൻഡിലൂടെ നടന്നു പോയ സ്ത്രീയുടെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ചിറക്കടവ് ഗ്രാമദീപം ഐക്കരപറമ്പ് കെ.സി. ബാബുവിന്റെ ഭാര്യ വിജയമ്മയുടെ കാൽ പാദത്തിലൂടെയാണ് ബസിന്റെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്.
രാവിലെ 8.35 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്നു കുമളിക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
തുറവൂർ: നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 23 പേർക്കു പരിക്ക്. ദേശീയപാതയിൽ എരമല്ലൂര്‍ കാഞ്ഞിരമറ്റം ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 11 നായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരില്‍ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകി മാറി. തിരുവനന്തപുരം മംഗലത്തുകോണത്തുവച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റോപ്പിൽ നിർത്തിയ ശേഷം ബസ് പുറപ്പെടാൻ തുടങ്ങിയപ്പോൾ വലിയ ശബ്ദം കേട്ടു. ഉടൻ തന്നെ ഡ്രൈവർ ബസ് സൈഡിലേക്ക് ഒതുക്കുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് പിൻവശത്തെ ടയറുകൾ ഇളകിയ നിലയിൽ കണ്ടെത്തിയത്. ബസിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
District News
കാഞ്ഞങ്ങാട്: കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് ആലക്കോട് കാപ്പിമല റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ രണ്ടാഴ്ച മുമ്പ് വീണുകിട്ടിയ പണത്തിന് ഇതുവരെ അവകാശികളെത്തിയില്ല.
കഴിഞ്ഞ 13നാണ് ബസിൽനിന്നും വീണുകിട്ടിയ തുക കണ്ടക്ടർ സുനിലയും ഡ്രൈവർ രാഗേഷും ചേർന്ന് ഡിപ്പോയിൽ ഏൽപ്പിച്ചത്. തുടർന്ന് കെഎസ്ആർടിസി അധികൃതർ പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരം നൽകിയെങ്കിലും പണത്തിന്റെ അവകാശികളായി ആരും ഇതുവരെ എത്തിയില്ല. അവകാശികളായി ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മതിയായ തെളിവുകൾ സഹിതം കാഞ്ഞങ്ങാട് ഡിപ്പോയിലെത്തി പണം കൈപ്പറ്റണമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ആത്മാർത്ഥതയും സത്യസന്ധതയും തെളിയിച്ച ബസ് ജീവനക്കാരെ യൂണിറ്റ് ഓഫീസറും പാസഞ്ചേർസ് അസോസിയേഷനും അനുമോദിച്ചു.
District News
കറുകച്ചാൽ: കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 8.45ന് കറുകച്ചാൽ-മണിമല റോഡിലെ ബസ്സ്റ്റാൻഡ് കവാടത്തിന് മുന്പിലായിരുന്നു അപകടം.
കോഴഞ്ചേരിയിൽനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്നു ഇരു ബസുകളും. മുന്പിൽ പോയ കെഎസ്ആർടിസി ബസ് കറുകച്ചാൽ ബസ്സ്റ്റാൻഡിലേക്കു കയറാനായി തിരിയുമ്പോൾ പിന്നിലുണ്ടായിരുന്ന സ്വകാര്യബസ്, കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് തട്ടുകയായിരുന്നു. ഇരുബസുകൾക്കും കേടുപാടുകളുണ്ടായില്ല.
അപകടത്തെത്തുടർന്ന് ഇരുബസിലെയും ജീവനക്കാർ തമ്മിൽ തർക്കമായി. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്വകാര്യ ബസ് കോട്ടയത്തേക്കു സർവീസ് തുടർന്നെങ്കിലും കെഎസ്ആർടിസി ബസ് സർവീസ് മുടക്കി. ഇരുബസുകളും മല്ലപ്പള്ളി മുതൽ മത്സരിച്ചോടുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
District News
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ പോലീസ് പിടികൂടി. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബു(52)വിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കിയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെരുമ്പാവൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിയിലുള്ളത്. യുവതി കണ്ടക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചു. ഇടുക്കി തങ്കമണി സ്വദേശിനിയാണ് പരാതി നല്‍കിയത്.
പ്രതി മറ്റൊരു ലൈംഗികാതിക്രമ കേസിന്റെ വിചാരണ കഴിഞ്ഞ് പെരുമ്പാവൂർ കോടതിയിൽ നിന്ന് മടങ്ങിവരവെയാണ് സംഭവമെന്നും ഈ കേസും ബസിൽ വച്ചാണ് നടന്നതെന്നും പാലാരിവട്ടം പോലീസ് പറഞ്ഞു.
Kerala
തൃശൂർ: നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വച്ച് നിരഞ്ജ് സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
മസ്തിഷ്ക മരണം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
ഏതാനും ദിവസങ്ങൾക്കുമുൻപ് മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ട്രിവൻഡ്രം ക്ലബ്ബിന് മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു.
District News
തൃപ്പൂണിത്തുറ: കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തൃശൂർ ചൂലിശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. വടക്കേക്കോട്ട ഭാഗത്ത് നിന്നും എസ്.എൻ. ജംഗ്ഷനിലെത്തിയ ബസ് കിഴക്കേക്കോട്ടയിലേയ്ക്ക് തിരിയുന്നതിനിടെ റിഫൈനറി റോഡിൽ നിന്നും ജംഗ്ഷനിലേയ്ക്കെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വടക്കേക്കോട്ടയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് വൈറ്റിലയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രാവിലെ 6.15 ഓടെ മരിച്ചു.
പനങ്ങാട് ഫിഷറീസ് കോളജിൽ ബിടെക്ക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ അർജുൻ സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു ബൈക്കിൽ വേറൊരു കൂട്ടുകാരനും പിന്നാലെയുണ്ടായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ നടക്കും. പിതാവ് ജയചന്ദ്രൻ മലപ്പുറത്ത് ട്രഷറി ഓഫീസറാണ്. അമ്മ: സംഗീത. സഹോദരി: അഞ്ജന (വിദ്യാർഥിനി, വിദ്യ എൻജിനീയറിംഗ് കോളേജ്, തൃശൂർ). അപകടത്തിനിടയാക്കിയ ബസ് ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
District News
തിരുവല്ല : എംസി റോഡിലെ തിരുവല്ല മഴുവങ്ങാട് ചിറയ്ക്ക് സമീപം കെഎസ്ആർടിസി ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒന്‍പതു പേർക്ക് പരിക്ക്.
കെഎസ്ആർടിസി ഡ്രൈവർ ശരത് ചന്ദ്രൻ, യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻകുഞ്ഞ്, മുഹമ്മദ് ജിന്ന , അനീഷ് , സജി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എഴോടെ ആയിരുന്നു അപകടം. ഓതറയിൽ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ജീവനക്കാരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂർ നേരത്തോളം ഗതാഗതം തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ വയോധികയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിക്കാണ് (63) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുമതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തുറവൂർ: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. പട്ടണക്കാട് തെക്കേ കൈതക്കാട്ട് ജോണിന്റെ മകൻ ലിജോ (26) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ സിജോ (28)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കുത്തിയതോട് കോടംതുരുത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ഇരുവരും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
ജോലിക്കു പോകുന്നതിനിടെ മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം തെറ്റി സ്കൂട്ടർ മറിയുകയും സഹയാത്രികനായ ലിജോ ബസിനടിയിൽപ്പെടുകയുമായിരുന്നു. ലിജോയെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: സൂനമ്മ.
സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിന് കാവിൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. വചനപ്രഘോഷകൻ ഫാ. സജി തെക്കേ കൈതക്കാട്ട് സിഎംഐയുടെ സഹോദരപുത്രനാണ് ലിജോ.
Kerala
തിരുവനന്തപുരം: ചിക്കിംഗുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി വെള്ളിയാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.
ക്യൂആർ കോഡ് സ്കാൻചെയ്താണ് യാത്രക്കാർ ഭക്ഷണത്തിന് ഓർഡർ നൽകേണ്ടത്. ആദ്യഘട്ടമായി അഞ്ച് ബസുകളിൽ ( വോൾവോ, എയർ കണ്ടീഷൻ) പദ്ധതി നടപ്പാക്കും. തുടർന്നാവും മറ്റുബസുകളിൽ പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ, യാത്രക്കാർക്ക് ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. കടകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ബസിനുള്ളിൽ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ഇൻസെന്റീവായി ലഭിക്കുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലുണ്ടായ അപകടത്തിൽ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്റെ ഭാര്യ സുജാത (65), സുനിത (58) ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവർക്കാണ് പരിക്കേറ്റത്.
പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാർ നിയന്ത്രണം വിട്ട് ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോട്ടയം: വൈക്കം വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
District News
കാഞ്ഞിരപ്പള്ളി: രോഗിയുമായി എത്തിയ കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിന് മുന്പിൽ കുടുങ്ങി. കുമളിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസാണ് ദേശീയപാതയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരനായ കുമളി സ്വദേശി പുതുപ്പറന്പിൽ പ്രസാദിന് (52) കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ ഫിക്സ് ഉണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്. ദേശീയപാതയിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് തിരിഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് കവാടത്തിന്റെ സമീപത്തെ തിട്ടയിൽ ബസ് കുടുങ്ങിയത്.
തുടർന്ന് രോഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ബസ് കുടുങ്ങിയതിനെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കാഞ്ഞിപ്പള്ളി ഫയർ ഫോഴ്സ് എത്തിയാണ് ബസ് മാറ്റിയത്.
ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ റോഡ് നിര്‍മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഒരുവർഷം മുന്‍പ് ഫയർഫോഴ്സിന്റെ ബസും ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കുടുങ്ങിയിരുന്നു.
Kerala
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ മകനും. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിന്റെ മകൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അർജിത്തിന്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിന്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.
മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Kerala
കോട്ടയം: കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കർണാടകയിലായിരുന്നു ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പോലീസിനു കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പോലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
Kerala
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്.
തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പറക്കുംതളികയെന്ന സിനിമ പ്രദർശിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ യാത്രക്കാരിൽ ചിലര്‍ അതിനെ അനുകൂലിച്ചു. തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നു.
അതേസമയം യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു. കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.
Kerala
തൃശൂര്‍: ചേലക്കരയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലിൽ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിൽ നിന്ന് അഭിജിത്ത് തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിൻചക്രം അഭിജിത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒന്നരമണിക്കൂറോളം മൃതദേഹം റോഡിൽ തന്നെ കിടന്നു.
Kerala
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു.കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്.
ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ടിക്കറ്റ് വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിലെ 9.41 കോടിയും നവംബർ 24ന് നേടിയ 9.29 കോടിയുമാണ് ഇതിന് മുമ്പുള്ള മികച്ച വരുമാനം.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്ന യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2024 ഏപ്രില്‍ 27 ന് രാത്രി 10ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ചാണ് സംഭവം. മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
സംഭവത്തിൽ യദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ യദു മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉൾപ്പടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു, അസഭ്യം പറഞ്ഞു, വാഹനത്തിനുള്ളിൽ കയറി സച്ചിൻ ദേവ് ഭീഷണിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് യദു നൽകിയ പരാതിയിലുള്ളത്. എന്നാൽ ഇപ്പോൾ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവരുടെ പേരുകൾ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്.
Kerala
പത്തനംതിട്ട: അയ്യപ്പഭക്തരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശബരിമല പാതയിൽ അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തീർഥാടകരുമായി വന്ന ബസിലാണ് തീപിടിച്ചത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു. ടയർപൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അന്വേഷണം ആരംഭിച്ചെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
Kerala
ആലപ്പുഴ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം.
ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു.
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
മലപ്പുറം: തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. സാരമായി പരിക്കേറ്റയാളെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കോഴിക്കോട് നിന്ന് പൊൻകുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.